മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി അമ്മയുടെ സമരം; സർക്കാർ ഇടപെട്ടു; ചികിത്സാചെലവ് വഹിക്കും

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടത്തിലായതോടെ അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത അമ്മയ്ക്ക് ഒടുവിൽ ആശ്വാസമായി സർക്കാർ ഇടപെടൽ. സമരം ചെയ്ത ശാന്തിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ സംസാരിച്ചു. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. വീടിന്റെ വാടക ഏറ്റെടുക്കാൻ ലയൺസ് ക്ലബ്ബ് തയാറാണെന്ന് അറിയിക്കുകയും ചെയ്തു. വാടക ലയൺസ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പിൽ വാടക വീട്ടിലേക്ക് മാറാൻ ശാന്തി സമ്മതിച്ചു. ഇതോടെ, പ്രശ്‌നത്തിന് താത്കാലിക പരിഹരമായി.

കൊച്ചി കണ്ടെയ്‌നർ റോഡിൽ ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടിൽ കെട്ടി സമരം ചെയ്തുവരികയായിരുന്നു. മൂന്ന് മക്കൾക്കും വിവിധ ശസ്ത്രക്രിയകൾ ആവശ്യമായി വന്നതോടെയാണ് പണം കണ്ടെത്താനാകാതെ ശാന്തി കഷ്ടത്തിലായത്. ഇതിനിടെ, വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നിരുന്നു. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി പണം കണ്ടെത്താൻ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി ശാന്തി സമരം ചെയ്തത്. മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് ഈ സമരരീതിയെന്ന് ശാന്തി പറഞ്ഞിരുന്നു. മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. തുടർന്ന് ശാന്തി ഹൃദയം അടക്കമുള്ള അവയവങ്ങളാണ് വിൽപ്പനയ്ക്ക് വച്ചത്.

ഇന്നലെ മുതലാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപ്പനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്‌നർ റോഡിൽ വീട്ടമ്മ നിൽക്കാൻ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാർഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോർഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോർഡിൽ വിശദമാക്കുന്ന ബോർഡുമായാണ് വീട്ടമ്മ സമരം ചെയ്തത്. റോഡിൽ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈൽഡ് ലൈൻ അധികൃതരും എത്തി മുളവുകാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

Exit mobile version