വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു, നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു; ആലുവ എടത്തലയില്‍ അതിശക്തമായ കാറ്റില്‍ വന്‍ നാശം

ആലുവ: ആലുവ എടത്തലയില്‍ ഇന്ന് രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റില്‍ വന്‍ നാശം. രാവിലെ എട്ടു മണിയോടെ വീശിയ ചുഴലിക്കാറ്റ് ഒരു മിനിറ്റില്‍ താഴെ സമയമാണ് നീണ്ടുനിന്നത്. ശക്തമായ കാറ്റില്‍ മലേപ്പിള്ളി ഭാഗത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. പ്രദേശത്തെ നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. ഇതേ തുുടര്‍ന്ന് ഈ ഭാഗത്തെ കേബിള്‍ കണക്ഷനുകളും വൈദ്യുതിയും നിശ്ചലമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം അങ്കമാലി മങ്കാട്ടുകരയിലും ശക്തമായ കാറ്റ് വീശിയിരുന്നു. മരം കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാറ്റില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്തില്‍ വെള്ളം കയറിയതിനെ തുടന്ന് നാല് ആദിവാസിവീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നീരിഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version