ജലനിരപ്പ് ഉയരുന്നു; മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുറക്കും

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.

നിലവില്‍ മലമ്പുഴ ഡാമിലെ ജലനിരപ്പ് 113.59 മീറ്ററും(പരമാവധി 115.06 മീറ്റര്‍), പോത്തുണ്ടി ഡാമില്‍ 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റര്‍) ജലനിരപ്പ്.

ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേട്ടും വയനാട്, കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version