കോവിഡ് ബാധിച്ചവരാണെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാം; അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ക്ക് ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാമെന്ന് പുതിയ മാര്‍ഗരേഖ. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ എല്ലാ മുന്‍കരുതലോടുകൂടി ഇവരെ ജോലിക്ക് നിര്‍ത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തില്‍ ആകരുതെന്നും സിഎഫ്എല്‍ടിസിക്ക് സമാനമായ താമസവും ഭക്ഷണവും സൗകര്യവും നല്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല.

ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശാ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖയനുസരിച്ച് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 14 ദിവസം നിരീക്ഷണത്തില്‍ തുടരുകയും വേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Exit mobile version