കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; നാലര വര്‍ഷത്തെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി

പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി. കോന്നി മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കഴിഞ്ഞ നാലര വര്‍ഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്ന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ചടങ്ങില്‍ പ്രാതിനിധ്യം കുറഞ്ഞെന്നാരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ജില്ല, ജനറല്‍ ആശുപത്രികള്‍ കൂടുതല്‍ മികച്ച നിലയിലും ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ യാഥാര്‍ത്ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല. നാട്ടിലെ ജനങ്ങളും മറ്റു സംസ്ഥാനങ്ങളും രാജ്യവും ലോകവും കേരളത്തിന്റെ നേട്ടം അംഗീകരിക്കുമ്പോഴും അതിനു കഴിയാത്ത മാനസികാവസ്ഥയിലുള്ളവര്‍ നാട്ടിലുണ്ട്. കൊവിഡ് മഹാമാരിയെ നല്ലരീതിയില്‍ പിടിച്ചു നിര്‍ത്തിയതിലും അവര്‍ക്ക് വിഷമമായിരുന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണ നിരക്ക് നല്ല രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ മുന്‍നിര പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളം. അതിലും ഇക്കൂട്ടര്‍ക്ക് വിഷമമുണ്ട്. ശരിയായ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനുള്ള ശ്രമമുണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിനായി 351 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. മാസ്റ്റര്‍പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് കിഫ്ബിയില്‍ നിന്ന് തുക ലഭ്യമാക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കും.

പത്തനംതിട്ട ജില്ലയ്ക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളേജ് പ്രയോജനപ്പെടും. അടുത്ത ഘട്ട വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014 ലാണ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത്. അടൂര്‍ പ്രകാശ് എംഎല്‍എ ആയിരുന്നപ്പോള്‍ തുടങ്ങിയ പദ്ധതിയുടെ അവകാശവാദം എല്‍ഡിഎഫ് ഏറ്റെടുക്കുകയാണെന്നും യുഡിഎഫിന് വേണ്ട പരിഗണന നല്‍കിയില്ലെന്നും ആരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.

ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നതോടെ അടുത്ത മാസം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കും. 50 കുട്ടികാള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനമുണ്ടാകുക.തെക്കന്‍ കേരളത്തിലെ മലയോര മേഖലയ്ക്ക് ആശ്വാസമാവുകയാണ് സംസ്ഥാനത്തെ മുപ്പത്തിമൂന്നാമത്തെ മെഡിക്കല്‍ കോളജ്.

Exit mobile version