കേരളത്തിൽ 150 വർഷത്തിനിടയിൽ ഏറ്റവും മഴ ലഭിച്ച സെപ്റ്റംബർ ആകും ഇത്തവണത്തേത് എന്ന് തമിഴ്‌നാട് വെതർമാൻ; അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം

ചെന്നൈ: കഴിഞ്ഞ 150 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ മാസമെന്ന റെക്കോർഡിലേക്കാണ് കേരളം നീങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകനും തമിഴ്‌നാട് വെതർമാൻ എന്നറിയപ്പെടുന്ന വ്യക്തിയുമായ പ്രദീപ് ജോൺ. കേരളത്തിൽ തുടർച്ചയായ മൂന്നാം വർഷവും 2300 മില്ലീമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു. ഈ നിലയിൽ മഴ തുടർന്നാണ് ഒന്നോ രണ്ടോ ദിവസത്തിനകം കേരളത്തിൽ 2000 മില്ലീമീറ്ററിലധികം മഴ ലഭിക്കും. 15 ദിവസംകൂടി ബാക്കിയുണ്ടെങ്കിലും 2300 മില്ലീമീറ്റർ മഴയെന്ന ഹാട്രിക്ക് നേടാനുള്ള സാധ്യതയുണ്ടെന്നും വെതർമാൻ പ്രവചിക്കുന്നു. കേരളത്തിൽ 2018 ൽ 2517 മില്ലീമീറ്ററും 2019 ൽ 2310 മിറ്റീമീറ്ററും മഴ ലഭിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 14,15 തീയതികളിലും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിൽ സെപ്റ്റംബർ 16 നും ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 17 ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുള്ളത് മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

Exit mobile version