മണിക്കൂറുകളോളം തിരഞ്ഞ് പോലീസും സുഹൃത്തുക്കളും കണ്ടെത്തിയിട്ടും രക്ഷിക്കാനായില്ല; കണ്ണീരായി വൈശാഖ്

ഹരിപ്പാട്: സുഹൃത്തിന് മരിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചശേഷം ഹരിപ്പാട് സ്വദേശിയായ യുവാവ് ഡൽഹിയിൽ ജീവനൊടുക്കി. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേരള പോലീസ് ഡൽഹി പോലീസിൽ വിവരമറിയിച്ച് ആളിനെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ഏറെ വൈകിപ്പോവുകയായിരുന്നു.

ഹരിപ്പാട് മണ്ണാറശാലയ്ക്കുസമീപം ‘അന്നപൂർണ’ വീട്ടിൽ വൈശാഖ് ബാബു (29) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഡൽഹി പഹാഡ്ഗഞ്ചിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടു വർഷത്തിലധികമായി വൈശാഖ് ഡൽഹിയിൽ ഒരു ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഹോട്ടൽ അടച്ചതോടെ മേയ് മാസത്തിൽ നാട്ടിലേക്ക് എത്തി. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് തീവണ്ടിയിൽ ഡൽഹിക്ക് തിരിച്ചത്. യാത്രയിൽ വീട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് സുഹൃത്തിനോട് സംസാരിച്ചിരുന്നു. എട്ടാം തീയതിയാണ് അവസാനമായി വിളിച്ചത്. അവിടെച്ചെന്നപ്പോൾ ജോലി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി മുതുകുളത്തുള്ള ഒരു സൃഹൃത്തിന് തന്റെ കൈത്തണ്ടയിലെ ഞരമ്പു മുറിച്ചതിന്റെ ചിത്രം വൈശാഖ് അയച്ചിരുന്നു. ജീവിതം അവസാനിപ്പിക്കുന്നെന്ന സന്ദേശവും ഇതിനൊപ്പമുണ്ടായിരുന്നു. വൈശാഖിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുള്ള സന്ദേശം അയച്ചശേഷം ഇത് സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഓച്ചിറ സ്വദേശിയായ സുഹൃത്തിന്റെ അമ്മ വിവരം വെള്ളിയാഴ്ച രാവിലെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ വൈശാഖിന്റെ ഡൽഹിയിലെ താമസസ്ഥലം കണ്ടെത്തി. ഇതിനൊപ്പം വൈശാഖിന്റെ സുഹൃത്തുക്കൾ ഡൽഹിയിലെ മലയാളി പത്രപ്രവർത്തകരുടെ സഹായത്തോടെ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

എന്നാൽ, എഫ്‌ഐആർ ഡൽഹി പോലീസിന് ഇ-മെയിലിൽ എത്താൻ വൈകിയിരുന്നു. വൈകുന്നേരത്തോടെ വൈശാഖിന്റെ താമസസ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും തൂങ്ങിമരിച്ച നിലയിലായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ചെങ്കിലും വ്യാഴാഴ്ച രാത്രി വൈശാഖ് മരിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പോലീസെത്താൻ വൈകിയതാണ് ആത്മഹത്യയിൽ നിന്നും വൈശാഖിനെ രക്ഷപ്പെടുത്താൻ കഴിയാതെ പോയതിന് പിന്നിലെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. മൃതദേഹം ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ശവസംസ്‌കാരം ഡൽഹിയിൽ നടക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version