അമ്മയും സഹോദരനും മരിച്ചത് അറിഞ്ഞില്ല; വിനയ് കൃഷ്ണയെ കണ്ടെത്തി

തൃശ്ശൂർ: നടവരമ്പിൽ അമ്മയേയും ഇളയമകനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കാണാതായ മൂത്തമകനെ കണ്ടെത്തി. കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ മൂത്തമകൻ വിനയ്കൃഷ്ണയെയാണ് കൊച്ചി മറൈൻഡ്രൈവിന് സമീപത്ത് നിന്ന് ഇരിങ്ങാലക്കുട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. പോലീസ് പറഞ്ഞപ്പോഴാണ് അമ്മയും അനുജനും ജീവനൊടുക്കിയ വിവരം വിനയ്കൃഷ്ണ അറിഞ്ഞതെന്നും ഇയാളെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നും സിഐ എംജെ ജിജോ പറഞ്ഞു.

ഓഗസ്റ്റ് 28നാണ് കാവുങ്ങൽ ജയകൃഷ്ണന്റെ ഭാര്യ രാജി, ഇളയമകൻ വിജയ്കൃഷ്ണ എന്നിവരെ രാജിയുടെ തറവാട്ടുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജിയുടെ മൃതദേഹം അടുക്കളയുടെ സമീപത്തെ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലും വിജയ്കൃഷ്ണയുടെ മൃതദേഹം കിണറിനകത്ത് വീണുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് രാജിയുടെ മൂത്ത മകൻ വിനയ്കൃഷ്ണയെ കാണാനില്ലെന്ന് അറിയുന്നത്.

തുടർന്നാണ് വിനയ്കൃഷ്ണയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഓഗസ്റ്റ് 25ന് തറവാട്ടുവീട്ടിലെത്തിയ രാജിയും ഇളയമകനും അന്നേദിവസം തന്നെ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നാല് ദിവസത്തിനുശേഷം രാജിയുടെ ഭർത്താവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അതേസമയം, ഇരുവരും മരിച്ച ദിനത്തിൽ തന്നെ വിനയ്കൃഷ്ണയെയും കാണാതാവുകയായിരുന്നു. ഇയാൾക്ക് ഇടയ്ക്ക് നാടുവിട്ടുപോകുന്ന ശീലമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താനായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യദിവസങ്ങളിൽ ഫലംകണ്ടില്ല. കഴിഞ്ഞദിവസം വിനയ്കൃഷ്ണ ഫോൺ ഓൺചെയ്ത് ഒരാളെ വിളിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഇയാളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് സംഘം മറൈൻഡ്രൈവിന് സമീപത്തുനിന്ന് വിനയ്കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. വൻ സാമ്പത്തികബാധ്യത കാരണം നാടുവിട്ട വിനയ്കൃഷ്ണ പലയിടങ്ങളിൽ പോയ ശേഷം ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്ത് തന്നെ തിരിച്ചെത്തി. കെഎസ്ആർസി ബസ് സ്റ്റാൻഡിലും മറ്റുമായിരുന്നു ഇയാൾ കഴിഞ്ഞുകൂടിയിരുന്നത്. പോലീസെത്തി കാര്യങ്ങൾ പറഞ്ഞതോടെയാണ് അമ്മയും അനുജനും ജീവനൊടുക്കിയ വിവരം ഇയാൾ അറിഞ്ഞത്.

അതേസമയം, വിനയ്കൃഷ്ണയുടെ സാമ്പത്തിക ബാധ്യത തന്നെയാണ് രാജിയുടെയും ഇളയമകന്റെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. മകൻ പണം നൽകാനുള്ളവരെല്ലാം നിരന്തരം വീട്ടിൽവന്ന് പണം ചോദിക്കുന്നത് രാജിയെ വിഷമിപ്പിച്ചിരുന്നു. പണം നൽകിയവർ ഫോൺ വിളിച്ചാൽ വിനയ്കൃഷ്ണ ഫോണെടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാമാണ് രാജിയും ഇളയമകനും ജീവനൊടുക്കാൻ കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version