ചെന്നിത്തലയുടെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി, പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണം; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച, പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രസ്താവന പരസ്യമായി പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് സന്നദ്ധനായിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണം എന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പീഢനത്തെ ന്യായീകരിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.’ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സംഭവത്തില്‍ ചെന്നിത്തലയ്ക്ക് എതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ ക്രൂരമായി പീഢിപ്പിച്ചത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു പ്രദീപ് യുവതിയെ പീഡിപ്പിച്ചത്.

ഭരതന്നൂരിലെ വാടകവീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ കൈയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുളള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

തുടര്‍ന്നാണ് ക്രൂര പീഢനം നടത്തിയത്. യുവതിയുടെ കയ്യും കാലും കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു.

Exit mobile version