സംസ്ഥാനത്ത് ഭീഷണി ഉയര്‍ത്തി കുഷ്ഠരോഗികളുടെ എണ്ണം കൂടുന്നു: നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ അശ്വമേധം എന്ന ലെപ്രസി കേസ് ഡിറ്റെക്ഷന്‍ ക്യാംപെയിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കിയത്

കൊച്ചി: സംസ്ഥാനത്ത് ഭീഷണിയായി കുഷ്ഠരോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ അശ്വമേധം എന്ന ലെപ്രസി കേസ് ഡിറ്റെക്ഷന്‍ ക്യാംപെയിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കിയത്.

ഇന്ത്യയില്‍ 2005ല്‍ കുഷ്ഠരോഗം നിവാരണം ചെയ്തിരുന്നു. എന്നാല്‍ രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിരീക്ഷണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. ഇതിനകം സംസ്ഥാനത്തെ 8 ജില്ലകളിലാണ് കുഷ്ഠ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എറണാകുളം ജില്ലയില്‍ മാത്രം ഈ വര്‍ഷം 28 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ ജില്ലയില്‍ അശ്വമേധം ക്യാംപെയിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ച്ച വീടുകളില്‍ സന്ദര്‍ശനം നടത്തുകയും കുഷ്ഠ രോഗത്തിന് സമാനമായ രോഗ ലക്ഷണമുള്ള ആളുകളെ കണ്ടെത്തി ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്യും. ഇതിനു പുറമേ വീടുകളിലും സ്‌കൂളുകളിലും രോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടത്തും.

ജില്ലയില്‍ 19 ഹെല്‍ത്ത് ബ്ലോക്കുകളും ആശുപത്രികളിലെ പിപി യൂണിറ്റുകളും 15 അര്‍ബന്‍ പിഎച്ച്‌സികളും കേന്ദ്രികരിച്ചാണ് ക്യാംപെയിന്‍ നടപ്പാക്കുന്നത്. ഇതര സംസ്ഥാനത്ത തൊഴിലാളികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകള്‍ കേന്ദ്രികരിച്ചും നിരീക്ഷണം നടത്തും.

Exit mobile version