എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസുകള്‍ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടുതല്‍ കേസുകള്‍ വന്ന സാഹചര്യത്തിലാണ് കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് കാസര്‍കോട് എസ്പി ഡി ശില്‍പ്പ അറിയിച്ചു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെ കമറുദ്ദീനെതിരെ ചെക്ക് കേസും പുറത്ത് വന്നിരുന്നു. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകള്‍ നല്‍കി എംഎല്‍എ വഞ്ചിച്ചെന്നാണ് പരാതി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരായ രണ്ട് കള്ളാര്‍ സ്വദേശികളാണ് പരാതി നല്‍കിയത്. പരാതി പറഞ്ഞിട്ടും ലീഗ് നേതൃത്വം കയ്യൊഴിഞ്ഞെന്നാണ് ലീഗ് അനുഭാവികളായ പരാതിക്കാര്‍ പറയുന്നത്.

അതേസമയം ചെക്ക് കൊടുത്തിട്ടില്ലെന്നാണ് എംസി കമറുദ്ദീന്റെ വിശദീകരണം. നേരിട്ട് ആര്‍ക്കും ചെക്ക് കൊടുത്തിട്ടില്ലെന്നും, താന്‍ ഒപ്പിട്ട ചെക്കുകള്‍ ജ്വല്ലറിയില്‍ നിന്ന് ആരെങ്കിലും എടുത്ത് കൊടുത്തതാകാമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചിലര്‍ പാര വക്കുകയാണെന്നും കമറുദ്ദീന്‍ പ്രതികരിച്ചു. സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കമറുദ്ദീന്‍ വിശദീകരിക്കുന്നു.

800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.

പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, നുജൂം ഗോള്‍ഡ് എന്നീ കമ്പനികളായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി)) മുമ്പാകെ രജിസ്റ്റര്‍ ചെയ്തു. ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോള്‍ ആര്‍ഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാല്‍ തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുനല്‍കിയാണ് മിക്കവരില്‍നിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂര്‍ണമായും കമ്പനിയുടെ അക്കൗണ്ടില്‍ വരവുവച്ചിട്ടില്ല. 2017ല്‍ കച്ചവടം നിലച്ചിട്ടും 2019 ജൂണ്‍വരെ ജ്വല്ലറിയുടെ പേരില്‍ പണം കൈപ്പറ്റി എന്നും കണ്ടെത്തിയിരുന്നു.

Exit mobile version