ദിലീപിന്റെ ‘വിഐപി’ സുഹൃത്ത് ശരത്ത്: ആലുവയിലുള്ള വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ട ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്ത്. കേസില്‍ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

അതേസമയം, ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ട പോലീസ് തിരയുന്ന വിഐപി ശരത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ആലുവയിലുള്ള ശരത്തിന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടക്കുകയാണ്. ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയര്‍ന്ന ഇയാളെ വിഐപിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ബാലചന്ദ്രകുമാറിനെ രാഷ്ട്രീയ, വ്യവസായ രംഗത്തുള്ള ആറുപേരുടെ ചിത്രങ്ങള്‍ കാണിച്ചു. അതില്‍ ഒരു ചിത്രം കണ്ട് സംശയം തോന്നിയ ബാലചന്ദ്രകുമാര്‍ വിവരം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്കാ’ എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാള്‍ എത്തുകയും പെന്‍ഡ്രൈവ് കൈമാറുകയും ചെയ്‌തെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. തനിക്ക് പരിചയമില്ലാത്ത ഇയാള്‍ സിനിമക്കാരനല്ലെന്ന് വ്യക്തമാണ്. അയാള്‍ കൈമാറിയ പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ ഘടിപ്പിച്ച ശേഷം നടിയെ പള്‍സര്‍ സുനി ആക്രമിക്കുന്ന ക്രൂര കൃത്യം കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചു. വിഐപിയെ പോലെയായിരുന്നു അയാളുടെ പെരുമാറ്റം. ആകെ അന്നൊരു തവണ മാത്രമേ അയാളെ താന്‍ കണ്ടിട്ടുള്ളൂ.

Read Also: മോന്‍സണിന്റെ മ്യൂസിയത്തിലുള്ള രണ്ട് നാണയങ്ങളും കുന്തവും മാത്രം പുരാവസ്തു: ശബരിമല ചെമ്പോലയടക്കം ബാക്കിയെല്ലാം വ്യാജം

ബിസിനസിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അയാള്‍ സംസാരിക്കുന്നത് കേട്ടിരുന്നു. ഇത്രയും ബന്ധങ്ങളുള്ള ഒരാളെന്ന നിലയിലാണ് താന്‍ വിഐപിയെന്ന് വിശേഷിപ്പിച്ചത്. ഹോട്ടലുകളോ ട്രാവല്‍ ഏജന്‍സിയോ നടത്തുന്നയാളാണെന്നാണ് ഫോണില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ മനസ്സിലാക്കാനായത്.

ബുക്കിങ്ങിനെക്കുറിച്ചും ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അയാളുടെ സംസാരം. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനുള്ള വിമാനയാത്രയെക്കുറിച്ചും പറയുന്നത് കേട്ടിരുന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടുമായിട്ടാണ് ക്രൈം ബ്രാഞ്ച് സംഘം ശരത്തിന്റെ വീട്ടിലെത്തിയത്. അതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണെന്നും വാദിച്ചാണ് ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.

അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശരത് ഫോണ്‍ ഓഫാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ചൊവ്വാഴ്ചയാണ് ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. നാളെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് വീട്ടില്‍ പരിശോധന നടക്കുന്നത്.

Exit mobile version