എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാളാണ് സുരേഷേട്ടന്‍: പറയുന്നതും പ്രവൃത്തിക്കുന്നതും ഹൃദയത്തില്‍ നിന്നാണ്; ദിലീപ്

കൊച്ചി: നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന സൈര്‍ ആക്രമണത്തില്‍ താരത്തിന് പിന്തുണയുമായി നടന്‍ ദിലീപ്. എപ്പോഴും ഒരു സഹോദര സ്‌നേഹമുള്ള നടനാണ് സുരേഷ് ഗോപിയെന്ന് ദിലീപ് പറയുന്നു. നമുക്ക് ഏത് സമയത്തും എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാള്‍ കൂടിയാണ് സുരേഷ് ഗോപിയെന്നും താരം പറഞ്ഞു. അദ്ദേഹം എന്തും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ഹൃദയത്തില്‍ നിന്നാണ്. വളരെ നല്ലൊരു വ്യക്തിയാണെന്നും ദിലീപ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് ദിലീപ് പിന്തുണയറിയിച്ചത്.

‘സുരേഷേട്ടന്‍ എന്നു പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ്. അദ്ദേഹം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍, സുരേഷേട്ടന്‍ സിനിമ ചെയ്യണമെന്ന് നിര്‍ബന്ധമായും ഞാന്‍ പറഞ്ഞിരുന്നു. നമുക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു നടന്‍ കൂടിയാണ്. അത് മാത്രമല്ല, എനിക്ക് ഒരു സഹോദരനെപ്പോലെയാണ് സുരേഷേട്ടന്‍.

അതുകൊണ്ട് സിനിമ ചെയ്യാതിരുന്ന സമയത്ത് ഞാന്‍ പ്രൊഡക്ഷന്‍ എന്തെങ്കിലും ചെയ്യണമോ എന്ന് ചോദിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ടാണ് അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങിയത്. നമുക്ക് എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാളായിട്ടാണ് ഞാന്‍ സുരേഷേട്ടനെ കാണുന്നത്. കാരണം, അദ്ദേഹം എന്ത് പറയുകയും പ്രവൃത്തിക്കുകയും ചെയ്താലും അത് ഹൃദയത്തില്‍ നിന്നുള്ളതാണ്. വളരെ ഓപ്പണായിട്ടുള്ള ഒരാള്‍.’- എന്നായിരുന്നു ദിലീപ് പറഞ്ഞത്.

Exit mobile version