റോഡ് ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

പാലക്കാട്: റോഡുകള്‍ ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എംഎഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച് എംഎല്‍എ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നതായി കണ്ടെത്തിയതെന്ന് എംഎല്‍എ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്എയുടെ പ്രതികരണം. ആസിഡ് ഉപയോഗിച്ച് റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവെച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിര്‍മ്മിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തുവെന്നും ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി റോഡില്‍ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തി. റോഡ് തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിര്‍മ്മിച്ചു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരും.

മുഹമ്മദ് മുഹസിന്‍ എംഎല്‍എ

Exit mobile version