കോവിഡ് വന്നപോയവര്‍ക്കും മാനദണ്ഡങ്ങള്‍ ബാധകം, മാസ്‌കും വേണം, സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധം

ന്യൂഡല്‍ഹി: കോവിഡ് വന്നുപോയവരും സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് മുക്തരായവരില്‍ പ്രതിരോധ ശേഷി രൂപപ്പെടുമെന്നതിനാല്‍ മാസ്‌ക്, അകലം പാലിക്കല്‍ തുടങ്ങിയ ജാഗ്രതാനടപടികള്‍ വേണ്ടെന്ന ധാരണ പാടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വൈറസിനെതിരെ രൂപപ്പെട്ട ആന്റിബോഡി നല്‍കുന്ന പ്രതിരോധം കുറച്ചുനാള്‍ നില്‍ക്കുമെങ്കിലും എത്ര നാള്‍ എന്നതില്‍ വ്യക്തതയില്ല. 6 മാസം വരെ പ്രതിരോധമെന്നും അതല്ല, വര്‍ഷങ്ങളോളം പ്രതിരോധമെന്നും വിവിധ ഗവേഷണപഠനങ്ങള്‍ പറയുന്നു.

അതുകൊണ്ടു തന്നെ രോഗം വന്നുപോയവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ ഈയിടെ ഒരാള്‍ക്കു രണ്ടാമതും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനോടകം 38.93 ലക്ഷം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 30.04 ലക്ഷം പേര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആകെ മരണം 67,893. ബുധനാഴ്ച മാത്രം 83,883 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 68,584 പേര്‍ രോഗമുക്തരായി; മരണം 1043.

Exit mobile version