പ്രതിഷേധം ഫലം കണ്ടു; മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍നിന്ന് നീക്കിത്തുടങ്ങി

കൊച്ചി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ച കൊച്ചി മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍നിന്ന് നീക്കിത്തുടങ്ങി. ഫ്‌ളാറ്റ് പൊളിച്ച് ഏഴ് മാസങ്ങള്‍ കഴിഞ്ഞിട്ടും കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭയുടെ അടിയന്തിര ഇടപെടലുണ്ടായത്.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിച്ചത്. നിയന്ത്രിത സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത ഫ്‌ളാറ്റിന്റെ ഇരട്ട ടവറുകളില്‍ ഒരു ഭാഗം കായലില്‍ പതിച്ചിരുന്നു.

നിലവില്‍ താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചാണ് അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിക്കുന്നത്. 1000 ടണ്‍ അവശിഷ്ടമാണ് കായലില്‍ ഉണ്ടായിരുന്നത്. കരയില്‍ എത്തിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്നും കമ്പിയും കോണ്‍ക്രീറ്റ് ഭാഗവും വേര്‍തിരിച്ചെടുക്കും. ഇരുമ്പ് കമ്പികള്‍ ഫ്‌ളാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സിന് നല്‍കും. എന്നാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇനി പ്രധാനമായും രണ്ട് വലിയ കോണ്‍ക്രീറ്റ് ഭീമുകളാണ് കായലില്‍ നിന്നും നീക്കാനുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ കായലില്‍ നിനിന്ന് അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാന്‍ കഴിയുമെന്നാണ് കരാറുകാര്‍ പറയുന്നത്.

Exit mobile version