കൊവിഡ് പ്രതിദിന വർധനവിൽ കേരളം മുന്നിൽ; പരിശോധനകളുടെ കാര്യത്തിൽ പിന്നിലെന്നും കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് ആശങ്കാജനകമായ ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിന്റെ പഠനം. പ്രതിദിന കേസുകളിലെ വർധന നിരക്കിൽ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കിൽ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിൽ ആശങ്കാജനകമായ സ്ഥിതി നിലനിൽക്കുന്നതായാണ് കണ്ടെത്തൽ.

അൺലോക്ക്4 നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് അൺലോക്ക്4 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 13 മുതൽ 19 വരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പഠനം നടത്തിയതെന്നാണ് വിവരം. പ്രതിദിന കേസുകളുടെ വർധനവിന്റെ നിരക്കിൽ കേരളം ഒന്നാംസ്ഥാനത്താണെന്ന് പഠനം പറയുന്നു.

സംസ്ഥാനത്ത് 4.30 ശതമാനമാണ് രോഗവർധന നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്നിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ് കേരളമുള്ളത്. 17.80 ശതമാനം ആണ് കേരളത്തിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്. ഇത് കൂടാതെ ടെസ്റ്റിങ്ങിൽ കേരളം വളരെ പിറകിലാണെന്നും പഠനം പറയുന്നു. 6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പരിശോധനാ നിരക്കിൽ കേരളമാണ് ഏറ്റവും പിന്നിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

കൊവിഡ് വ്യാപനത്തിൽ ആശങ്കാജനകമായ സ്ഥിതി നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്തിയേക്കും. തുടർ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version