വെഞ്ഞാറമൂട് ഇരട്ടക്കൊല: ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും ഒളിവില്‍ പോകാന്‍ സഹായിച്ച മതപുരം സ്വദേശി പ്രീജ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണന്ന് പോലീസ് അറിയിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പോലീസ് പറയുന്നു. വിരോധം തുടങ്ങിയത് ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസില്‍ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ ഉള്‍പ്പടെ 9 പേരാണ് ഇതുവരേയും പോലീസിന്റെ പിടിയിലായത്. ഇതില്‍ അന്‍സാര്‍, സജീവ്, സനല്‍, ഉണ്ണി എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊല്ലപ്പെട്ട രണ്ടുപേരെയും വെട്ടിയത് ഇവരാണ്. അജിത്, ഷജിത്, സതി, നജീബ് എന്നിവര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയവരുമാണ്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ ഏപ്രില്‍ നാലിന് പ്രതികള്‍ ആക്രമിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്. പിന്നീട് മേയ് 25ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും ആക്രമണമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോട്ടിലുള്ളത്.

Exit mobile version