യാത്രാ ദുരിതത്തിന് ആശ്വാസം; പെരിയവര താല്‍ക്കാലിക പാലം നാളെ തുറക്കും

പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ നിലവില്‍ രാജമലയിലെത്തുന്നത്

ഇടുക്കി: കനത്ത മഴയില്‍ തകര്‍ന്ന പെരിയവര താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം നാളെ പുനസ്ഥാപിക്കും. ഗതാഗതം പുനരാരംഭിക്കുന്നതോടെ മൂന്നാറിന് വലിയ ആശ്വാസമാണ് ലഭിക്കുന്നത്‌.
പാലം തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചത് വലിയ തിരിച്ചടിയായിരുന്നു. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത് വിനോദ സഞ്ചാരമേഖലയിലും വലിയ തിരിച്ചടിയായി. പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ നിലവില്‍ രാജമലയിലെത്തുന്നത്.

കൂറ്റന്‍ കോണ്‍ക്രീറ്റ് റിംഗുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം. ഇതിനാവശ്യമായ 36 കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് എത്തിച്ചത്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് അതിനു മുകളില്‍ കരിങ്കല്ലുകള്‍ പാകിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16ാം തീയതിയാണ് പാലം തകര്‍ന്നത്.

പാലത്തിലൂടെ കയറ്റാവുന്ന നിര്‍ദ്ദിഷ്ട ഭാരത്തിന്റെ അളവ് പാലത്തിന്റെ ഇരു വശങ്ങളിലും സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതോടെ ഒറ്റപ്പെട്ടിരുന്ന എട്ടു എസ്റ്റേറ്റുകള്‍ക്ക് വലിയ ആശ്വാസമാണുണ്ടാകുന്നത്.

Exit mobile version