പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി സീൽ ചെയ്തു; തടിച്ചുകൂടിയവർക്ക് എതിരെ കേസ്

കോന്നി: 1500ലേറെ നിക്ഷേപകരെ നിരാശയിലാക്കി 2000 കോടിയോളം തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ ആസ്ഥാനം പോലീസ് സീൽ ചെയ്തു. ഒന്നരദിവസത്തെ പരിശോധനക്കുശേഷമാണ് പോലീസ് കെട്ടിടം പൂട്ടി സീൽ ചെയ്തത്. റെയ്ഡ് ശനിയാഴ്ച വൈകീട്ടോടെയാണ് പൂർത്തിയായത്.

പോലീസ് പരിശോധനയിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ, ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ബോർഡ് അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ, ബോർഡ് യോഗങ്ങളുടെ മിനിറ്റ്‌സ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും റെയ്ഡ് നടത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു. രണ്ടാംദിനത്തിൽ ഓഫീസിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രധാനികളെ വിളിച്ചുവരുത്തി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി.

അതേസമയം, പോപ്പുലർ ഫിനാൻസ് എംഡി റോയി ഡാനിയേലിനെയും കുടുംബത്തെയും ഉടൻ അറസ്റ്റ് ചെയ്യുക, സ്വത്തുക്കൾ കണ്ടെത്തുക, പോപ്പുലർ തട്ടിപ്പ് സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപകർ പോപ്പുലറിനു മുന്നിൽ തടിച്ചുകൂടി. നൂറിലേറെ നിക്ഷേപകരാണ് ശനിയാഴ്ച 11 മണിയോടെ സംഘടിച്ച് മുദ്രാവാക്യം വിളിച്ച് രംഗത്ത് എത്തിയത്. ഇവർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും പകർച്ചവ്യാധി നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version