കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞുവീണു, കോവിഡ് ജാഗ്രത പോലും മറന്ന് മാലാഖമാരുടെ ഇടപെടല്‍, ധൈര്യം പകര്‍ന്ന് ബസ് ജീവനക്കാരും, ഒടുവില്‍ ജീവിതത്തിലേക്ക്

കൊട്ടിയം: കണ്‍മുന്നില്‍ ഒരാള്‍ ജീവനുവേണ്ടി പിടയുമ്പോള്‍ കോവിഡ് ജാഗ്രതയെക്കുറിച്ചും സ്വന്തം ജീവനെക്കുറിച്ചും ആലോചിക്കാന്‍ നഴ്‌സുമാരായ മേരി താലിയയുടേയും അനു റെനോള്‍ഡിന്റേയും മനസ്സനുവദിച്ചില്ല. എങ്ങനെയെങ്കിലും ആ ജീവനെ കാത്തുരക്ഷിക്കണമെന്നുമാത്രമായിരുന്നു ഇരുവരുടെയും ലക്ഷ്യം.

കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയു വിഭാഗത്തിലെ നഴ്‌സ് തങ്കശ്ശേരി സ്വദേശിനി മേരി താലിയയും നെഫ്രോ വിഭാഗത്തിലെ നഴ്‌സ് ഇരവിപുരം സ്വദേശിനി അനു റെനോള്‍ഡുമാണ് ഈ ഓണക്കാലത്ത് മനുഷ്യത്വം കൊണ്ട് താരങ്ങളായി മാറിയത്.

ഇന്നലെ പകല്‍ 2.30ന് ജോലി കഴിഞ്ഞു കൊട്ടിയം-തങ്കശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആതിര എന്ന ബസില്‍ മടങ്ങുകയായിരുന്നു ഇരുവരും. പഴയാറ്റിന്‍കുഴിയില്‍ എത്തിയപ്പോഴാണു തിരുവനന്തപുരം സ്വദേശിയായ തോമസ് എന്ന യാത്രക്കാരന്‍ കുഴഞ്ഞുവീണത്.

കോവിഡ് ജാഗ്രതയിലും, താലിയയും അനുവും ചേര്‍ന്ന് അദ്ദേഹത്തിനു പ്രാഥമിക ശുശ്രൂഷയായ സിപിആര്‍ നല്‍കി. ബസ് ജീവനക്കാര്‍ അതേ ബസില്‍ തോമസിനെയും കൊണ്ടു ജില്ലാ ആശുപത്രിയിലേക്കു കുതിച്ചു. ഹൃദയമിടിപ്പു സാവധാനമാകുമ്പോഴെല്ലാം നഴ്‌സുമാര്‍ സിപിആര്‍ നല്‍കുന്നതു തുടര്‍ന്നു.

ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയതോടെ അദ്ദേഹം കണ്ണുകള്‍ തുറന്നു. ഇതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Exit mobile version