അനിൽ നമ്പ്യാർക്ക് എതിരായ രഹസ്യ മൊഴി ചോർത്തിയതോ? സ്വപ്‌ന സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ മൊഴി സോഷ്യൽമീഡിയയിൽ

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. ആരുടെ കയ്യിൽ നിന്നാണു മൊഴി ചോർന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോർത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുമ്പു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണു ചോർന്നത്. കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയ മൊഴി പുറത്തുവന്നിരുന്നു. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് താനാണെന്നും ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും താജ് ഹോട്ടലിൽ അത്താഴത്തിന് ക്ഷണിച്ചതായും സ്വപ്ന പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Exit mobile version