‘മൊഴിയില്‍ വ്യക്തതയില്ല, ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’; അനില്‍ നമ്പ്യാരെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല. മൊഴിയില്‍ വ്യക്തതയില്ലെന്നും മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കുറ്റമേല്‍ക്കാന്‍ സരിതിനോട് പറയണമെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായി സ്വപ്നയുടെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം സ്വപ്ന യുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനോട് കുറ്റമേല്‍ക്കാല്‍ പറയാന്‍ അനില്‍ ഉപദേശിച്ചെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. നാലു മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യല്‍.

അതേസമയം സ്വപ്ന സ്വര്‍ണക്കടത്തുകാരിയാണെന്ന് നേരത്തേ അറിയില്ലെന്നാണ് അനില്‍ നമ്പ്യാരുടെ മൊഴി. എന്നാല്‍ മൊഴിയില്‍ കസ്റ്റംസിന് ചില സംശയങ്ങളുണ്ട്. പരിശോധിച്ച ശേഷം വീണ്ടും അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തെക്കും. വിദേശത്തുള്ള ഒരു കേസിന്റെ പേരില്‍ അനിലിന് യാത്രാ വിലക്കുണ്ടായിരുന്നു. സ്വപ്ന സുരേഷ് ഇടപെട്ട് ഈ യാത്രാവിലക്ക് നീക്കി നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.

അതേസമയം മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചെങ്കിലും അരുണ്‍ ഹാജരായില്ല. അരുണ്‍ ബാലചന്ദ്രന്‍ സെക്രട്ടേറിയറ്റിന് സമീപത്ത് എടുത്ത് നല്‍കിയ ഫ്‌ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

Exit mobile version