‘വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്’ എന്ന് നടി ശ്രീയ രമേശ്; നന്നാക്കി കാണിച്ച് പോലീസ്, അഭിനന്ദിച്ച് താരം

ആലപ്പുഴ: കടകളുടെ അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ്. ‘വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രീയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാസൂചക ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ കടകള്‍ വന്നതോടെ ദിശാ സൂചക ബോര്‍ഡ് കാണാതായി. സൂക്ഷിച്ച് നോക്കിയാല്‍ മാത്രം കാണുന്ന രീതിയിലായി ബോര്‍ഡിന്റെ അവസ്ഥ.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശ്രീയയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ മാവേലിക്കര പോലീസ് സംഭവത്തില്‍ ഇടപെട്ടു. കടകള്‍ക്കിടയില്‍പ്പെട്ട ബോര്‍ഡ് എടുത്ത് ആളുകള്‍ക്ക് കാണാവുന്ന രീതിയില്‍ റോഡരികില്‍ തന്നെ സ്ഥാപിച്ചു.

ഇതിന് പിന്നാലെ മാവേലിക്കര പോലീസിനെ അഭിനന്ദിച്ചും ശ്രീയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ‘ഇതാ നമ്മുടെ മാവേലിക്കര പോലീസ് …ഇതാവണം നമ്മുടെ പൊലീസ്’, ദിശാസൂചക ബോര്‍ഡിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രീയ കുറിച്ചു.പോലീസിന്റെ പെട്ടന്നുള്ള നടപടിയില്‍ പ്രശംസനീയമാണെന്നും നടി പറഞ്ഞു. ലൂസിഫര്‍, എന്നും എപ്പോഴും, ഒപ്പം, ഒടിയന്‍ എന്നീ സിനിമകളില് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.

Exit mobile version