‘സംസ്ഥാനത്തിന്റെ ഭരണത്തലവൻ സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ ഇടപെടണം’: ചെന്നിത്തല ഗവർണറെ കണ്ടു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അടിയന്തരമായി ഇടപെടണമെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ബുധനാഴ്ച വിശദമായ നിവേദനം പ്രതിപക്ഷം ഗവർണർക്ക് സമർപ്പിക്കും.

സെക്രട്ടറിയേറ്റിലെ തന്ത്രപ്രധാനമായ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത് എന്നും ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും ഗവർണറെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഗവർണർ സംസ്ഥാനത്തിന്റെ തലവനാണ്. സ്വർണ്ണക്കടത്ത് കേസിന്റെ നാൾവഴികൾ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. കേരളത്തിലെ സെക്രട്ടറിയേറ്റിൽ പോലും ഫയലുകൾ സുരക്ഷിതമല്ല, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും ബന്ധപ്പെട്ട ഫയലുകളും കാണാതെ പോയത് ദുരൂഹമാണ്.

ഈ ഒരു സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് ആശാസ്യകരമാണോ. ഇക്കാര്യങ്ങൾ ചോദിക്കുമ്പോൾ മുഖ്യമന്ത്രി ഒന്നും പറയാറില്ല. ഇന്നലെ നിയമസഭയ്ക്കുളളിൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇഡിയും എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരാൻ പോകുന്നത് കണ്ടുകൊണ്ടാണ് ഫയലുകൾ നശിപ്പിച്ചിരിക്കുന്നത്. ഇത് നീതിപൂർവമാണോ, മന്ത്രിസഭയ്ക്ക് ഫയലുകൾ നശിപ്പിക്കാൻ കഴിയുമോ എന്നീകാര്യങ്ങളും സർക്കാരിന്റെ അഴിമതിയെ കുറിച്ചും പ്രതിപക്ഷം ഗവർണറോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version