കുടുംബത്തിന് താങ്ങായി മാറുമെന്ന് പ്രതീക്ഷിച്ച സ്വപ്‌നങ്ങള്‍ റോഡില്‍ പൊലിഞ്ഞ ഞെട്ടലില്‍ ഒരു നാട്‌; ബൈക്കപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ബൈക്കുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ അവസാന പ്രതീക്ഷകള്‍ കൂടിയായിരുന്നു.

കൊടുങ്ങല്ലൂര്‍: കഴിഞ്ഞദിവസം എറിയാട് ഡിസ്‌പെന്‍സറിക്കു കിഴക്കുവശം റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ അവസാന പ്രതീക്ഷകള്‍ കൂടിയായിരുന്നു. അപകടത്തില്‍ രണ്ടു യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടത് വിശ്വസിക്കാന്‍ പോലും ഈ കുടുംബങ്ങള്‍ക്കാവുന്നില്ല. വെമ്പല്ലൂര്‍ മണക്കാട്ടുപടി മുരളി – രമണി ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍കൃഷ്ണ (20), അഴീക്കോട് പത്താഴപ്പുരക്കല്‍ മുഹമ്മദാലി – ജമീല ദമ്പതികളുടെ മകന്‍ അവിസ് (28) എന്നിവരാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠനത്തിനു ശേഷം ചന്തപ്പുരയിലെ സീഷോര്‍ ഹോട്ടലിലെ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഗോകുല്‍കൃഷ്ണ. നിര്‍ധന കുടുംബാംഗമായ ഗോകുല്‍കൃഷ്ണ കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് മുരളിക്കു കൂലിപ്പണിയാണ്. പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം.

കുടുംബത്തോടൊപ്പം സൗദിയില്‍ ആയിരുന്ന അവിസ് പുതിയ ജോലിയില്‍ പ്രവേശിക്കും മുന്‍പ് 3 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുന്നതിനായാണ് നാട്ടിലെത്തിയത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കൊടുങ്ങല്ലൂരിലേക്കു വരികയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് ഗോകുല്‍കൃഷ്ണ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അവിസ് ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ മതിലും തകര്‍ത്താണ് നിന്നത്.ഗോകുല്‍കൃഷ്ണയുടെ സംസ്‌കാരം നടത്തി. അവിസിന്റെ കബറടക്കം പേബസാര്‍ ജുമാ മസ്ജിദില്‍.

Exit mobile version