സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഇവരുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് മറ്റ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി വീട്ടില്‍ ദേവസ്യാ പിലിപ്പോസിനാണ് പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു. വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.

മലപ്പുറത്താണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് ആണ് മരിച്ചത്. 85 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. ഇയാള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്നു. അതേസമയം ഇയാളുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

Exit mobile version