ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദനം; സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

കൊല്ലം: മറ്റൊരു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ ബൈക്ക് യാത്രികനായ യുവാവിനെ രണ്ടുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

മൂന്നാംകുറ്റിയില്‍ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന ഷിബു കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു പോകവെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.

ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായാണ് ഇവര്‍ ഷിബുവിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ചേര്‍ന്ന് ഷിബുവിനെ മര്‍ദ്ദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഹെല്‍മറ്റു കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നതായി ദൃശ്യത്തിലുണ്ട്.

സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമികള്‍ സ്ഥലത്തുനിന്നു പോയ ശേഷം മാത്രമാണു ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ ശക്തിക്കുളങ്ങര പോലീസ് കേസെടുത്തു.

Exit mobile version