തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്റെ അഭ്യര്‍ഥനകള്‍ അവഗണിച്ചു, കേന്ദ്രനീക്കവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിനായി വിട്ടുനല്കാനാണ് തീരുമാനം.

കേരളത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ അവഗണിച്ചാണ് കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നതുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2003 ല്‍ കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും കേരളത്തിന് നല്കിയ ഉറപ്പിന് വിരുദ്ധമാണ് തീരുമാനം. പ്രധാനമന്ത്രി മോഡിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയത്തില്‍ തനിക്ക് ഉറപ്പുകള്‍ നല്കിയിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 23.57 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില ഓഹരിമൂല്യമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.

2018 ല്‍ നീതി ആയോഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇതേപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പില്‍നിന്ന് ലഭിച്ച അനുഭവ സമ്പത്ത് സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പൊതു – സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ഇതുസംബന്ധിച്ച വ്യവഹാരം സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് ഇന്നത്തെ തീരുമാനം. സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നടപടികളുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണ്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version