ചുറ്റുമുള്ളത് 4 വർഷത്തിൽ പിഎസ്‌സി നിയമനം നൽകിയ ഒന്നേകാൽ ലക്ഷത്തിലധികം ചെറുപ്പക്കാർ; ഒന്ന് തിരക്കി നോക്കൂ

ചുറ്റുമുള്ളത് 4 വർഷത്തിൽ പിഎസ്‌സി നിയമനം നൽകിയ ഒന്നേകാൽ ലക്ഷത്തിലധികം ചെറുപ്പക്കാർ; ഒന്ന് തിരക്കി നോക്കൂ; പരാതിപ്പെടുന്നവരോട് ഈ യുവാവ് പറയുന്നു

തൃശ്ശൂർ: സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈയടുത്ത കാലത്തായി ഉയർത്തിയ പരാതികൾ സോഷ്യൽലോകത്ത് അടക്കം ഏറെ ചർച്ചയായിരുന്നു. പിഎസ് സി അർഹതപ്പെട്ടവർക്ക് നിയമനം നൽകിയില്ലെന്നും റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ലെന്നും അടക്കമുള്ള പരാതികളും ആക്ഷേപങ്ങളുമാണ് ഉയർന്നത്. എന്നാൽ അർഹതപ്പെട്ടവർക്ക് നിയമനം നൽകാതിരിക്കുകയോ റാങ്ക് ലിസ്റ്റ് അകാരണമായി പിൻവലിക്കുകയോ ചെയ്തിട്ടില്ലെന്ന് പിഎസ്‌സിയുടേയും സർക്കാരിന്റേയും പ്രസിദ്ധീകരിച്ച കണക്കുകളും രേഖകളും നോക്കിയാൽ വ്യക്തമാകും. കൂടാതെ സർക്കാർ ഇക്കാലയളവിൽ നിയമനം നൽകിയത് 1,25000ത്തിലേറെ ഉദ്യോഗാർത്ഥികൾക്കാണെന്നും കണക്കുകളിൽ നിന്നും വ്യക്തമാണ്.

സർക്കാരിനെതിരെ ആയുധമാക്കാനായി പച്ചക്കള്ളം പടച്ചുവിടുന്നവർക്ക് കൃത്യമായ മറുപടിയുമായി സോഷ്യൽലോകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ജനകീയ ബദലുകൾ തകരരുതെന്ന ലക്ഷ്യത്തോടെ സ്വന്തം അനുഭവം വെളിപ്പടുത്തി രംഗത്തെത്തിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പഠിച്ചിറങ്ങിയ തനിക്ക് നിയമനമുൾപ്പടെ ഉള്ളവ ലഭിച്ചത് ഈ സർക്കാരിന്റെ കാലത്താണ് എന്ന് അഗിൽ ജോയ് എന്ന യുവാവ് വെളിപ്പെടുത്തുന്നു. 2015 ഓഗസ്റ്റിൽ മുൻ സർക്കാരിന്റെ കാലത്ത് നടന്ന പരീക്ഷയുടെ ഫലം വന്നത് ഈ സർക്കാർ ഭരണത്തിലേറിയതിന് പിന്നാലെയാണെന്ന് അഗിൽ ചൂണ്ടിക്കാണിക്കുന്നു. പിന്നീട് മൂന്ന് മാസത്തിനകം അഡൈ്വസ് മെമോയും പോസ്റ്റിങ് ഓർഡറും ലഭിച്ച് 2017 ജൂൺ മാസത്തിൽ താൻ ഗവൺമെന്റ് സർവീസിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 ആയി ജോയിൻ ചെയ്‌തെന്ന് അഗിൽ പറയുന്നു.

”പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലവധി ഒരു ദിവസം പോലും നീട്ടി നൽകാതെ പരമാവധി നിയമനം നടത്തി പുതിയ ഉദ്യോഗർത്ഥികൾക്കും അവസരം നൽകുന്ന ഒരു ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. നിങ്ങളുടെയൊക്കെ ചുറ്റിനും കഴിഞ്ഞ 4 വർഷങ്ങളായി പി എസ് സി നിയമനം നൽകിയ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തിലധികം ചെറുപ്പക്കാരെ കാണാൻ സാധിക്കും അവരോട് ഒന്ന് തിരക്കി നോക്കുക എന്താണ് വസ്തുത. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും ജോലി നൽകുക എന്നത് ഒരു കാലത്തും നടക്കാത്ത സ്വപ്നമാണ് എന്ന് മിനിമം കോമൺസെൻസിൽ ചിന്തിച്ചാൽ മനസ്സിലാകും.’- അഗിൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

അഗിൽ ജോയ്‌യുടെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ അനുഭവമാണ് ജീവിതമാണ്, ജനകീയ ബദലുകൾ തകരാൻ പാടില്ല.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് കോഴിക്കോട് നിന്ന് പഠിച്ചിറങ്ങുന്നത് 2011 നവംബറിൽ. 2012 ജൂലായ് മാസത്തിൽ താൽക്കാലിക നിയമനത്തിൽ ജോലിക്ക് കയറി ബേസിക് പേ മാത്രമായിരുന്നു ശമ്പളം [11620 രൂപ ] അതും കിട്ടുക മാസങ്ങൾ ഒക്കെ കുടിശ്ശികയായിട്ടായിരുന്നു. ഇനി കഥ തുടരാം കുടിശ്ശിക മൊത്തം കിട്ടിയത് 2017 മാർച്ചിൽ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 പോസ്റ്റിലേക്ക് പി എസ് സി വിജ്ജാപനം ക്ഷണിച്ചത് 2012 ഡിസംബർ മാസത്തിൽ 665/2012 എന്നാൽ പരീക്ഷ നടന്നത് 2015 ആഗസ്റ്റ് മാസം 12 തീയതി. റാങ്ക് ലിസ്റ്റ് വന്നത് 2017 മാർച്ച് മാസത്തിൽ. 2017 മാർച്ചിൽ വന്ന ലിസ്റ്റിൽ നിന്നും 2017 മെയ് മാസത്തിൽ എനിക്ക് അഡ്വൈസ് മെമ്മോയും 2017 ജൂൺ മാസത്തിൽ പോസ്റ്റിങ് ഓർഡറും ലഭിച്ച് 2017 ജൂൺ 26 തീയത് ഞാൻ ഗവൺമെന്റ് സർവീസിൽ ജോയിൻ ചെയ്തു. 97 ആളുകൾ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ഞങ്ങളുടെ ലിസ്റ്റിൽ നിന്നും 74 പോസ്റ്റിങ് ആണ് നടന്നത്. 2017 മാർച്ചിൽ വന്ന ലിസ്റ്റിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മുഴുവൻ ഒഴിവുകളിലേക്കും നിയമനം നടത്തി 2020 ൽ തന്നെ ലിസ്റ്റിന്റെ കാലാവധി അവസാനിപ്പിച്ചു , സാധാരണഗതിയിൽ നാലര വർഷം വരെ പരമാവധി കാലവധി നൽകാറുള്ള ലിസ്റ്റാണ് ഇത്. ലിസ്റ്റിന്റെ കാലവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത നോട്ടിഫിക്കേഷനും ഇറക്കി അടുത്ത മാസങ്ങളിലായി പരീക്ഷയും നടക്കും. ഓരോ വർഷവും കോഴ്‌സ് പഠിച്ചിറങ്ങുന്ന 400-500 ചെറുപ്പകാർക്ക് പ്രതീക്ഷ നൽകി. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലവധി ഒരു ദിവസം പോലും നീട്ടി നൽകാതെ പരമാവധി നിയമനം നടത്തി പുതിയ ഉദ്യോഗർത്ഥികൾക്കും അവസരം നൽകുന്ന ഒരു ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. നിങ്ങളുടെയൊക്കെ ചുറ്റിനും കഴിഞ്ഞ 4 വർഷങ്ങളായി പിഎസ്‌സി നിയമനം നൽകിയ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തിലധികം ചെറുപ്പക്കാരെ കാണാൻ സാധിക്കും അവരോട് ഒന്ന് തിരക്കി നോക്കുക എന്താണ് വസ്തുത.

NB: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും ജോലി നൽകുക എന്നത് ഒരു കാലത്തും നടക്കാത്ത സ്വപ്നമാണ് എന്ന് മിനിമം കോമൺസെൻസിൽ ചിന്തിച്ചാൽ മനസ്സിലാകും

അഗിൽ ജോയ്

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2

Exit mobile version