മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ സമ്മാനിച്ച മൊബൈല്‍ഫോണ്‍ വിറ്റ് വെള്ളമടിച്ച് പിതാവ്

അങ്കമാലി: മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ സമ്മാനിച്ച മൊബൈല്‍ഫോണ്‍ കൊണ്ടുപോയി വിറ്റ് വെള്ളമടിച്ച പിതാവ് പിടിയില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു(41)വാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

സാബുവിന് മൂന്ന് പെണ്‍മക്കളാണ്. മൂന്നുപേരും പഠനത്തില്‍ മികച്ചനിലവാരം പുലര്‍ത്തുന്നവരായതിനാല്‍ നാട്ടുകാരാണ് ഇവര്‍ക്ക് 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത്. ഇത്തവണ പ്ലസ്ടു പാസായ മൂത്ത മകള്‍ക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും എല്ലാവിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നു.

ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയമകളും പഠനത്തില്‍ മിടുക്കിയാണ്. സ്ഥിരംമദ്യപാനിയായ സാബു മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാതെ വന്നതോടെ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയ്തു.

ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി ഇളയമകള്‍ അയല്‍വീട്ടിലേക്ക് ഓടിപ്പോയി. ഇതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഇവര്‍ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ കൈക്കലാക്കിയ സാബു ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയിരുന്നു.

തുടര്‍ന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് കള്ള് ഷാപ്പില്‍നിന്ന് പിടിയിലായത്. ഇയാള്‍ നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.

Exit mobile version