വടക്കൻ ജില്ലകളിലെ ജയിലുകളിൽ ആർക്കും കൊവിഡില്ല; ആശ്വാസമായി പരിശോധനാ റിപ്പോർട്ട്

കോഴിക്കോട്: വടക്കൻ ജില്ലകളിലുള്ള ജയിലുകളിൽ നടത്തിയ കൊവിഡ് പരിശോധനാ ഫലം സംസ്ഥാനത്തിന് തന്നെ ആശ്വാസമാകുന്നു. ജയിൽ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും നടത്തിയ പരിശോധയിൽ ആർക്കും കൊവിഡ് രോഗമില്ല. 1020 പേരെയാണ് ഇതിനോടകം പരിശോധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ 750 പേരേയും കോഴിക്കോട് ജില്ലാ ജയിലിൽ 150 പേരേയും സ്‌പെഷ്യൽ ജയിലിൽ 30 പേരേയും പരിശോധിച്ചു. ചിറ്റൂർ, പെരിന്തൽമണ്ണ ജയിലുകളിൽ 40 പേരെ വീതമാണ് പരിശോധിച്ചത്. ആർക്കും കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും വരും ദിവസങ്ങളിലും ചീമേനിയിലെ തുറന്ന ജയിൽ അടക്കമുള്ള എല്ലാ ജയിലുകളിലും കൊവിഡ് പരിശോധനകൾ നടത്തും.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള എല്ലാ ജയിലുകളിലും ഈ ആഴ്ച തന്നെ കൊവിഡ് പരിശോധന പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ വൻ തോതിൽ രോഗം പടർന്നുപിടിച്ച സാഹചര്യത്തിലാണ് മറ്റു ജയിലുകളിലും പരിശോധന നടത്തിയത്.

അതേസമയം, ഇന്നലെ വരെ 477 പേർക്കാണ് പൂജപ്പുര ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. ആഗസ്റ്റ് 11നാണ് ആദ്യമായി പൂജപ്പുര ജയിലിൽ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. 72കാരനായ ഈ ജയിൽ പുള്ളി ഞായറാഴ്ച മരിച്ചു. തുടർന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഓഗസ്റ്റ് 12ന് നടത്തിയ ഈ പരിശോധനയിൽ 59 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14ന് ജയിൽ ആസ്ഥാനം ശുചീകരിക്കാനെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് ജയിൽ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന് 145 തടവുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ആയപ്പോൾ ജയിലിൽ ആകെ രോഗികൾ 477 ആയി. തിരുവനന്തപുരം ജില്ലാ ജയിലിലെ 36 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version