സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്.

മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്ന്നുതന്നെ നില്‍ക്കുന്നു. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തില്‍ പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായാണ് മരണം. വടകര എസ്പി ഓഫിസിലെ ജീവനക്കാരനായ ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു, മാവൂര്‍ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

സുലു അര്‍ബുദ രോഗിയാണ്. ആലുവ തായിക്കാട്ടുകര സദാനന്ദന്‍, മൂത്തകുന്നം കോട്ടുവള്ളിക്കാട് വൃന്ദ ജീവന്‍ എന്നിവരാണ് എറണാകുളം ജില്ലയില്‍ മരിച്ചത്. തിരുവല്ല ഏനത്ത് രാഘവന്‍ നായര്‍ പത്തനംതിട്ടയിലും മരിച്ചു. ആകെ 13 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version