വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി; ഇന്ന് മാത്രം മരിച്ചത് ഒന്‍പത് പേര്‍

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പരിയാരം മെഡി. കോളേജില്‍ ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി ലീല (65) ആണ് മരിച്ചത്. ഈ മാസം ഒന്‍പതിന് പനിയും ശ്വാസം തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ലീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും രണ്ട് വീതം മരണങ്ങളും മലപ്പുറത്തും പത്തനംതിട്ടയിലും ഒരു കൊവിഡ് മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.

തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ (62) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്. എസ്എടി ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെയാണ് പ്രതാപന് മരിച്ചത്. ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകാര സദാനന്ദന്‍(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് എറണാകുളത്ത് മരിച്ചത്. സദാനന്ദന്‍ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു.

വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശിയായ സുലുവുമാണ് കൊവിഡ് ബാധിച്ച് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിന്‍ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. സുലു അര്‍ബുദ രോഗിയായിരുന്നു.പത്തനംതിട്ടയില്‍ തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായരും (80) മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഓട്ടോ ഡ്രൈവറായ ഇല്യാസ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്

Exit mobile version