കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം; വെബ്‌സൈറ്റ് സജ്ജമായി

covid19_

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി. relief.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷി സമർപ്പിക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

മതിയായ രേഖകളില്ലാത്തതുകാരണം ഉൾപ്പെടുത്താതിരുന്ന മരണങ്ങളും സുപ്രീം കോടതി നിർദേശപ്രകാരം പ്രഖ്യാപിച്ച പുതിയ മാനദണ്ഡപ്രകാരം ഉൾപ്പെടുത്തേണ്ട മരണങ്ങളും സർക്കാർ കൂട്ടിച്ചേർത്ത് തുടങ്ങിയിട്ടുണ്ട്. ഇവയടക്കം 32049 മരണങ്ങൾ തിങ്കളാഴ്ചവരെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

പേരും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കുന്ന ഒടിപി നമ്പർ കൂടി നൽകി അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചേർക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് അപേക്ഷയ്ക്ക് അന്തിമ അംഗീകാരം ലഭിക്കും.

അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കാനുള്ള രേഖകളിലെ പിശക് പരിഹരിക്കുന്നതിനും അംഗീകൃത മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആരോഗ്യവകുപ്പ് നേരത്തേ സജ്ജീകരണം ഒരുക്കിയിരുന്നു.

Exit mobile version