ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ: ആഷിഖ് പറയുന്നു

മലപ്പുറം: കേരളം തന്നെ കണ്ട ഏറ്റവും വലിയ വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ യുവാവിന് നന്ദിയും കടപ്പാടും പറയാനുള്ളത് കൊണ്ടോട്ടിയിലെ ആ രക്ഷകന്മാരോടാണ്. ‘മരണത്തിന് പിടികൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ. കുളിപ്പിച്ച ആളുകൾ, ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയവർ. അവരുടെ മുഖം പോലും ഓർമ്മയില്ല. മരിക്കുന്നതിന് മുന്നേ അവരെ വീണ്ടും കാണണം. അത് വലിയ ആഗ്രഹമാണ്. അവിടേക്ക് തീർച്ചയായും മടങ്ങിവരും’- ചങ്ങരംകുളം പെരുമ്പാൾ സ്വദേശിയായ ആഷിഖ് പറയുന്നത്.

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ആഷിഖ്. പരിക്കേറ്റ് കിടന്ന തന്നെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ച ആ അജ്ഞാത രക്ഷകരെ കുറിച്ച് പറയുമ്പോൾ ആഷിഖിന് തേങ്ങലടക്കാനാകുന്നില്ല. കൊവിഡ് വ്യാപനത്തിന്റെയും വിമാനം കത്തിയമരുന്നതിന്റെയും ഭയത്തെ പോലും അവഗണിച്ച് സ്വന്തം ജീവൻ പണയം വെച്ചാണ് കൊണ്ടോട്ടിക്കാർ അന്ന് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ആഷിഖ് പറഞ്ഞതായി മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുന്നൂറോളം പേർ ഇപ്പോഴും ക്വാറന്റൈനിൽ കഴിയുകയാണ്. ഇതിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചിലർ പരിശോധന ഫലം കാത്തിരിക്കുന്നു. രോഗഭീതി തള്ളിമാറ്റി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കൊണ്ടോട്ടിക്കാരുടെ കരുതലിനെക്കുറിച്ച് പറയുമ്പോൾ, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും നൂറുനാവാണ്.

Exit mobile version