ശബരിമല വീണ്ടും ഭക്തജനസാന്ദ്രമാകുന്നു..! പ്രതീക്ഷ അര്‍പ്പിച്ച് കെഎസ്ആര്‍ടിസി, തിങ്കളാഴ്ച മാത്രം 48 ലക്ഷത്തോളം രൂപയുടെ കളക്ഷന്‍

സന്നിധാനം: ശബരിമലയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കെഎസ്ആര്‍ടിസി. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കാണുന്നത്. തിങ്കളാഴ്ച മാത്രം 48 ലക്ഷത്തോളം രൂപയുടെ കളക്ഷനാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. തിരക്കേറുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളിലായി സര്‍വീസിനായി 150 ബസുകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ നേരത്തെ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ കെഎസ്ആര്‍ടിസിക്ക് വലിയതോതിലുള്ള വരുമാന നഷ്ടം ഉണ്ടായി.

എന്നാല്‍ വീണ്ടും ശബരിമല പഴയ നിലയിലേക്ക് എത്തുന്ന സാഹചര്യം കാണുന്നു. തിങ്കളാഴ്ച മാത്രം 990 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് നടത്തിയത്. 56576 പേരാണ് പമ്പയിലേക്കുള്ള സര്‍വീസ് പ്രയോജനപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നിരത്തിലിറക്കും.

നിലവില്‍ ഓടുന്ന 5 ഇലക്ട്രിക് ബസ്സുകള്‍ക്ക് പുറമേ അഞ്ച് എണ്ണം കൂടി ഇനിയും എത്തിക്കും. എസി ബസുകളോടാണ് തീര്‍ത്ഥാടകര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത്. ഇതിനുപുറമേ വിവിധഭാഗങ്ങളില്‍നിന്ന് ശബരിമലയിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചിട്ടുണ്ട്.

Exit mobile version