സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വെഞ്ഞാറമൂട് സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഭാര്യയായ പുല്ലാമ്പാറ പഞ്ചായത്ത് പ്രസിഡന്റും കോവിഡ് ബാധിതയാണ്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 1569 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version