കോവിഡ് പടര്‍ന്നുപിടിക്കുന്നു; എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലെയും സ്ഥിതി ആശങ്കാജനകം, ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

കൊച്ചി: കോവിഡ് അതിവേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കോവിഡ് നിരീക്ഷണം പൂര്‍ത്തിയായവര്‍ക്ക് ആരോഗ്യ വിഭാഗം സര്‍ട്ടിഫിക്കറ്റുകള്‍ നല്കുമെന്നും മന്ത്രി ആലുവയില്‍ അറിയിച്ചു.എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ നെല്ലിക്കുഴിയിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇവിടെ നിയന്ത്രണം ഒഴിവാക്കാന്‍ വ്യാപാരികളുടെ സമ്മര്‍ദ്ദം ഉണ്ട്. പക്ഷെ ഇളവ് അനുവദിക്കാനാവില്ല. പശ്ചിമ കൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തിര യോഗം നാളെ ചേരും.

പശ്ചിമ കൊച്ചിയില്‍ ആശങ്ക പടരുകയാണ്. ഇത് വരെ 376 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു വാര്‍ഡില്‍ മാത്രം 96 കേസുകള്‍ ഉണ്ട്.. ചെല്ലാനത്തെ അപേക്ഷിച്ചു വളരെ കൂടുതലാണിത്. ജില്ലയില്‍ പ്രതിദിന ടെസ്റ്റുകള്‍ 6000 ആക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി മേഖലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെയ്‌ന്മെന്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രണ്ട് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ബി ലെവല് റിട്രീറ്റ് സെന്റര്‍ ആക്കി ഉയര്‍ത്തും. കര്‍ശന ഉപാധികളോടെ ആലുവ മാര്‍ക്കറ്റ് തുറക്കാനുള്ള ഉള്ള നടപടികള്‍ ആരംഭിക്കും.

പശ്ചിമകൊച്ചി മേഖലയില്‍ രോഗപ്രതിരോധത്തിനായി ജനപ്രതിനിധികളെയും തൊഴിലാളി സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും. കോവിഡ് പാലിച്ചു തോപ്പുംപടി ഹാര്‍ബര്‍ തുറന്ന് ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും. 4000ത്തില്‍ അധികം ടെസ്റ്റുകള്‍ കൊച്ചി മേഖലയില്‍ മാത്രം നടത്തിയിട്ടുണ്ട്.

Exit mobile version