കരിപ്പൂർ വിമാനാപകടത്തിൽ അനുചിതവും നിയമവിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തി; ഏവിയേഷൻ ഡയറക്ടർ ജനറലിനെ നീക്കണമെന്ന് പൈലറ്റുമാർ

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെ സംബന്ധിച്ച് അനുചിതമായ പരാമർശം നടത്തുകയും വ്യോമയാന സുരക്ഷ കണക്കിലെടുക്കുകയും ചെയ്ത് നിലവിലെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) അരുൺ കുമാറിനെ ഉടൻ നീക്കണമെന്ന് പൈലറ്റുമാരുടെ സംഘടനകൾ. ഈ ആവശ്യമുന്നയിച്ച് ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ (ഐസിപിഎ) ഇന്ത്യൻ പൈലറ്റ്‌സ് ഗിൽഡ് (ഐപിജി) എന്നിവ വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചു.

വ്യോമയാന മേഖലയെപ്പറ്റി അറിവും പരിചയ സമ്പത്തുമുള്ള ഒരാളെ ഡിജിസിഎ സ്ഥാനത്ത് നിയമിക്കണമെന്നാണ് ആവശ്യം. വിമാന ദുരന്തം നടന്നതിന് തൊട്ടുപിന്നാലെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ അദ്ദേഹം നടത്തിയ പരാമർശമാണ് പൈലറ്റുമാരെ ചൊടിപ്പിച്ചിരിക്കുന്നത്. അരുൺ കുമാർ നൽകിയ അഭിമുഖത്തിൽ അനുചിതവും രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധവുമായ പരാമർശമുണ്ടെന്ന് പൈലറ്റുമാർ ആരോപിക്കുന്നു.

അപകടത്തിൽ മരിച്ച പൈലറ്റുമാരെ ‘ഫെലോസ്’ എന്ന് വിശേഷിപ്പിക്കുകയും അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ലാൻഡിങ് കൃത്യമായിരുന്നില്ല എന്നാണ് തോന്നുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത്തരം പരാമർശങ്ങൾ സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവവും അപക്വമായ കാഴ്ചപ്പാടുമാണ് വ്യക്തമാക്കുന്നത്. ലാൻഡിങ് അപകടത്തിന് കാരണമായോ എന്ന് വിശദമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമെ പറയാൻ കഴിയൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. വിമാന ദുരന്തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നത് ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണ്. ഉത്തരവാദികളെ കണ്ടെത്തുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഡിജിസിഎ പോലെയുള്ള സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പകരം വ്യോമയാന മേഖലയിൽ പരിചയ സമ്പത്തുള്ളവരെ നിയമിക്കണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version