മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു; മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് എയര്‍ ഇന്ത്യ

കോഴിക്കോട്: കോവിഡിനെയും പെരുമഴയെയും മറന്ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരാണ് മലപ്പുറത്തെ ജനങ്ങള്‍. അപകടവിവരമറിഞ്ഞ് ഓടിയെത്തുമ്പോള്‍ അത് കണ്ടെയ്‌മെന്റ് സോണാണെന്നും ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നൊന്നും അവര്‍ ചിന്തിച്ചില്ല.

നല്ലവരായ നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. പ്രമുഖരടക്കം നിരവധി പേരാണ് മലപ്പുറത്തുകാരുടെ നന്മയെ വാനോളം പുകഴ്ത്തിയത്. ഇപ്പോഴിതാ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക്
ആദരം അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

”മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററില്‍ കുറിച്ചു. അപ്രതീക്ഷിതമായ സംഭവത്തില്‍ ദയയും മനുഷ്യത്വവും ഞങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു.

ഇത് വെറും ധൈര്യമല്ല, ഒരു ജീവന് രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്ശമാണ്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു.” എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞു.

Exit mobile version