മീനച്ചിലാറ് കരകവിഞ്ഞൊഴുകി, കോട്ടയം വെള്ളത്തില്‍, ആശങ്ക, വീഡിയോ

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവുമധികം വെളളപ്പൊക്ക കെടുതി നേരിട്ട ജില്ല കോട്ടയമാണ്. മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് കോട്ടയം ജില്ലയില്‍ ദുരിതം വിതച്ചത്.

മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നതോടെ കോട്ടയം നഗരത്തില്‍ വരെ വെളളം കയറുന്ന സ്ഥിതി ഉണ്ടായി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലാണ് സ്ഥിതി രൂക്ഷം. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയിലും വെളളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.

നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കല്‍, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, വേളൂര്‍ തുടങ്ങിയ മേഖലകളില്‍ വെളളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെളളത്തില്‍ മുങ്ങി. പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂര്‍ക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിന്മൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളില്‍ വെള്ളം കയറി.

കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ ഉള്‍പ്പെടെ വെള്ളം കയറി. തിരുവാര്‍പ്പ് പഞ്ചായത്തിലെ കുമ്മനം, ചെങ്ങളം അയ്മനം പഞ്ചായത്തിലെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖല തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

Exit mobile version