‘പമ്പ ഡാം തുറന്നു എന്നത് കൊണ്ട് മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല, ഉയര്‍ത്തുന്നത് രണ്ടടി മാത്രം, ആശങ്കയ്ക്ക് അടിസ്ഥാനമില്ല; പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: പമ്പ ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ലെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ആറ് ഷട്ടറുകളുടെയും രണ്ടടി വീതം മാത്രമാണ് ഉയര്‍ത്തുകയെന്നും അതിനാല്‍ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കളക്ടര്‍ പറഞ്ഞു. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും, പമ്പ ഡാമില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നത് അത്തരം സാഹചര്യം ഒഴിവാക്കാനാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജലനിരപ്പ് 984.5 ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സാധാരണ രീതിയില്‍ ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിച്ചത് രാത്രിയില്‍ നദിയിലേക്ക് വെള്ളം എത്തുന്നത് തടയാന്‍ ആണെന്നും കളക്ടര്‍ പറഞ്ഞു.

ഇപ്പോള്‍ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കില്‍ രാത്രി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം അര്‍ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നു കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ആറ് ഷട്ടറുകളുടെയും രണ്ടടി വീതം മാത്രമാണ് ഉയര്‍ത്തുകയെന്നും കളക്ടര്‍ പറഞ്ഞു. ജലനിരപ്പ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍ എത്തുന്ന സാഹചര്യത്തില്‍ ഷട്ടര് ആറടിയോ എട്ടടിയോ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടായേക്കാം. അങ്ങനെയെങ്കില്‍ പമ്പയിലേക്ക് കൂടുതല്‍ വെള്ളമെത്തും. ഇങ്ങനെ വലിയ അളവില്‍ ജലം നദിയിലേക്ക് എത്തുന്നത് ഒഴിവാക്കാനും കൂടി വേണ്ടിയാണ് അണക്കെട്ട് നേരത്തെ തുറക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

ഷട്ടര്‍ രണ്ടടി ഉയര്‍ത്തുന്നതിലൂടെ പമ്പയില്‍ ജലനിരപ്പ് നാല്‍പ്പത് സെന്റിമീറ്റര്‍ ഉയരും. ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിയുമ്പോള്‍ മാത്രമേ റാന്നി ടൗണില്‍ വെള്ളം എത്തൂ. നാളെ ഉച്ചയോടെയേ വെള്ളം തിരുവല്ലയില്‍ എത്തൂ. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ലെന്നും കളക്ടര്‍ പറഞ്ഞു.

Exit mobile version