പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും; പരിശോധയ്ക്കായി പോലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും

മൂന്നാര്‍: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പരിശോധയ്ക്കായി പോലീസ് ഡോഗ് സ്‌ക്വാഡിനെയും ഉപയോഗിക്കുന്നുണ്ട്. ഇതിനായി തൃശ്ശൂരില്‍ നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായ്ക്കളെ രാജമലയിലേക്ക് അയച്ചിരുന്നു.

ദുരന്തസ്ഥലത്ത് നിന്ന് ഇതുവരെ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ തെരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തെരച്ചില്‍ നടത്തുന്നത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എംഎം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ ആറ് വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടില്‍നിന്ന് 50,000 രൂപവീതം നല്‍കുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി പറഞ്ഞു. വാച്ചര്‍മാരായ മണികണ്ഠന്‍, അച്യുതന്‍, രാജ, ഡ്രൈവര്‍മാരായ ഗണേശന്‍, മയില്‍സ്വാമി, ലേഡിവാച്ചര്‍ രേഖ എന്നിവരെയാണ് കാണാതായത്. ഇതില്‍ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാവരും താത്കാലിക ജീവനക്കാരാണ്.

Exit mobile version