ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം ഒഴിവാക്കണം, ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം; അഭ്യര്‍ത്ഥനയുമായി ഷെയിന്‍ നിഗം

കൊച്ചി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ബോധവത്കരണ സന്ദേശം താത്കാലികമായി ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. കോവിഡ് പ്രതിസന്ധിക്കൊപ്പം പ്രളയ സമാനമായ സാഹചര്യത്തിലേക്ക് കേരളം നീങ്ങുമ്പോള്‍, ഈ സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാമെന്ന് താരം പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ഷെയ്ന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്ന സന്ദേശം എല്ലാ ഫോണ്‍ നെറ്റ് വര്‍ക്കുകളിലും റിങ് ടോണുകള്‍ക്ക് പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജാഗ്രതാ സന്ദേശം മുഴുവന്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഫോണ്‍ കോള്‍ കണക്ട് ആകുന്നത്.

ഇത് തല്‍ക്കാലം ഒഴിവാക്കണമെന്നാണ് ഷെയ്ന്‍ നിഗത്തിന്റെ ആവശ്യം. ‘സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്’ എന്ന തലക്കെട്ടിലാണ് ഷെയ്ന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാമെന്നും ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പ്:

സര്‍ക്കാരുടെ ശ്രദ്ധയിലേക്കാണ്..
ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

Exit mobile version