പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നില്‍ക്കുന്നു; കരിപ്പൂര്‍ വിമാനാപകടത്തില്‍ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് മോഡി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനായി അധികൃതര്‍ സംഭവസ്ഥലത്തുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 123 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 15 പേരുടെ നില ഗുരതരമാണ്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

പൈലറ്റും സഹപൈലറ്റും മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യാത്രക്കരെയെല്ലാം പുറത്തെടുത്തത്.

മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Exit mobile version