നിരവധി പരാതികൾ നൽകിയിട്ടും കെഎസ്ഇബി ചെറുവിരൽ അനക്കിയില്ല; ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് വീടു തകർന്നു

മാവേലിക്കര: കെഎസ്ഇബി ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് കൃഷ്ണൻ കുട്ടിക്ക് നഷ്ടമായത് സ്വന്തം വീടാണ്. കെഎസ്ഇബി അനാസ്ഥ കാരണം ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര കൊച്ചുപറമ്പിൽ മുക്കിന് സമീപം വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കനത്ത നാശനഷ്ടം.

കൊറ്റാർകാവ് പടിപ്പുരയ്ക്കൽ കൃഷ്ണൻ കുട്ടിയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ കെഎസ്ഇബി ഓഫീസ് വളപ്പിൽ നിന്ന പാഴ്മരം പൊട്ടിവീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഒരു മുറി പൂർണ്ണമായും നശിക്കുകയും വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

തന്റെ വീട്ടിലേക്ക് ചെരിഞ്ഞ് അപകട ഭീഷണി ഉയർത്തിയിരുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർക്ക് പലപ്രാവശ്യം പരാതികൾ നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് കൃഷ്ണൻകുട്ടി ആരോപിച്ചു.

Exit mobile version