എന്ത് തെളിവാണ് തനിക്കെതിരെ ഉള്ളതെന്ന് സ്വപ്‌ന; രാത്രി ഒരുമണിക്ക് ഫ്‌ളാറ്റിൽ ഒത്തു ചേർന്നത് കൊവിഡ് ചർച്ചയ്‌ക്കോ പ്രാർത്ഥിക്കാനോ അല്ലെന്നും കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ ഇനിയും തെളിവ് കണ്ടെത്താൻ ക്‌സഅറ്റംസിനായില്ലെന്ന് വാദിച്ച് സ്വപ്‌ന സുരേഷ്. സർക്കാരിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഒരു കോൺസുലേറ്റ് ഉദ്യോസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസമായിട്ടും തെളിവ് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ സ്വപ്‌ന വാദിക്കുന്നു.

സ്വാധീനത്തിൽ എന്ത് തെറ്റാണുള്ളത്? പോലീസിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പോലീസിലെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നും സ്വപ്ന വാദിച്ചു.

അതേസമയം കേസിൽ സ്വപ്ന സുരേഷിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കുറ്റസമ്മത മൊഴിക്ക് അപ്പുറം തെളിവുകൾ ഏറെ ഉണ്ട്. സന്ദീപിന്റെ ഭാര്യ സ്വപ്നക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ സ്വർണ്ണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയയ്ക്കാൻ സ്വപ്ന ശ്രമിച്ചത്. ഉന്നത ബന്ധം ഉപയോഗിച്ചാണ് കേരളത്തിൽ നിന്ന് കടന്നത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റിൽ ഒത്തു ചേർന്നത് സ്വർണ്ണ കടത്തിന്റെ ഗൂഢാലോചനയ്ക്കാണ്. അതല്ലാതെ കൊവിഡ് ചർച്ചക്കോ പ്രാർത്ഥിക്കാനോ അല്ലെന്നും കസ്റ്റംസ് കോടതിയിൽ നിലപാടെടുത്തു.

ഉന്നത ഓഫീസറും രാത്രിയിൽ ഈ ഫ്‌ളാറ്റിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ സ്വാധീനമുള്ളവരെ ജാമ്യത്തിൽ വിട്ടാൽ പിന്നെ കേസിന്റെ അവസ്ഥ എന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. വാദങ്ങളെല്ലാം കേട്ട കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ വിധി പറയാൻ 12 ലേക്ക് മാറ്റി

Exit mobile version