ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ മിക്ക നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്തോടെ ചാലിയാറിന്റെ പരിസര പ്രദേശങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴയുടെ സമീപത്തുള്ള മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. വെണ്ടേക്കുംപൊയില്‍ പട്ടിക വര്‍ഗ കോളനിയിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം മാവൂര്‍ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറിരിക്കുകയാണ്. മാവൂരില്‍ രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. കുറ്റ്യാടി, വാണിമേല്‍ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version