പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നു, കേരളത്തില്‍ അതിശക്തമായ മഴ തുടരും, മലപ്പുറത്ത് ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ഒമ്പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. കനത്തമഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകള്‍ക്കും നാശമുണ്ടായി.

കേരളത്തിലാകെ 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് 621 കുടുംബങ്ങളിലെ 2261 പേര്‍ കഴിയുന്നു. 29 ക്യാമ്പുകള്‍ തുറക്കേണ്ടിവന്ന വയനാടാണ് കൂടുതല്‍ ദുരിതബാധിതം. 446 കുടുംബങ്ങളിലെ 1613 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. മലപ്പുറത്ത് എട്ട് ക്യാമ്പുകള്‍ തുറന്നു.

ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍കൂടി (50 പേര്‍) കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തും നിയോഗിച്ചു. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് കടല്‍ തീരത്തും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

Exit mobile version